Sunday, May 30, 2010

11 - കമ്പ്യൂട്ടറിന്റെ സ്പീഡ്‌ എങ്ങനെ വർദ്ധിപ്പിക്കാം -2

കമ്പ്യൂട്ടർ ബൂട്ടപ്പ് സമയവും, സ്പീഡും, പെർഫോമൻസും കൂട്ടുവാനുള്ള കുറുക്കു വഴി ഒന്ന് ഇവിടെ.


നാം, മൈക്രോസോഫ്റ്റ്‌ വിൻഡോ - XP തുറക്കുമ്പോൾ, അതിന്റെ കൂടെതന്നെ, നിരവധി സർവ്വിസുകൾ ഒട്ടോമാറ്റിക്കായി പ്രവർത്തിക്കാറുണ്ട്‌. ഇവയിൽ പലതും നമ്മുക്ക്‌ ആവശ്യമില്ലാത്തതും, ചിലത്‌, ചിലയവസരങ്ങളിൽ മാത്രം ആവശ്യമുള്ളതുമാണ്‌.

നിങ്ങൾക്ക്‌ എന്തോക്കെ സർവ്വിസുകളാണവശ്യമെന്ന് പറയുക പ്രയാസമാണെങ്കിലും, സാധരണഗതിയിൽ ഉപയോഗശൂന്യമായ ചില സർവ്വിസുകളെക്കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. ചില സർവ്വീസുകൾ ഒഴിവാക്കിയാൽ സിസ്റ്റം ശരിക്കും പ്രവർത്തിക്കില്ല. അങ്ങിനെയുള്ള അവസരങ്ങളിൽ, വീണ്ടും ആ സർവ്വിസുകൾ പ്രവർത്തിപ്പിക്കാവുന്നതാണ്‌.

നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന, മൈക്രോ സൊഫ്റ്റിന്റെ സർവ്വിസുകൾ ലഭിക്കുന്നതിന്‌ കണ്ട്രോൾ പാനലിൽ പോയി, ആഡ്‌മിനിസ്ട്രറ്റീവ്‌ ടുൾസ്‌ തുറന്ന്, സർവ്വീസസ്‌ തുറക്കുക.

Control Panel -> Administrative Tools -> Services.

അല്ലെങ്കിൽ, Start -> run എന്നിട്ട്‌, Services.msc എന്ന് ടൈപ്പ്‌ ചെയ്യുക.




(ചിത്രം ക്ലിക്കിയാൽ വലുതായി കാണാം. ഇതിൽ എങ്ങനെ റൺ കമന്റ് ഏടുക്കുന്നതെന്നും, സെർവിസസിന്റെ സ്ക്രിനു കാണാം. അതിൽ നിങ്ങൾക്കാവശ്യമുള്ള സർവിസിൽ ഡബിൾ ക്ലിക്ക് ചെയ്യുക. Startup type ഡിസേബിൾ ചെയ്യാം. ഇപ്പോൾ സർവീസ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ, STOP ക്ലിക്കിയാൽ ആ സർവീസ് നിർത്താം.)

ഇവിടെ നിങ്ങൾക്കാവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി സർവ്വിസുകൾ പ്രവർത്തിക്കുന്നതായി കാണാം. ഇവിയിൽനിന്നും, ആവശ്യമുള്ള സർവ്വീസുകൾ എടുത്ത്‌, ആവശ്യമില്ലാത്ത സർവ്വിസുകൾ ഒഴിവാക്കിയാൽ, കമ്പ്യൂട്ടറിന്‌ നല്ല സ്പീഡും പെർഫോർമൻസും ലഭിക്കും.

എല്ലാവർക്കും എല്ലഴ്‌പ്പോഴും ആവശ്യമില്ലാത്തതും, ധൈര്യപൂർവ്വം എടുത്ത്‌കളയാവുന്നതുമായ ചില സർവ്വിസുകൾ:-

Portable Media Serial Number - ഇത്‌ നിങ്ങളുടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച പോർട്ടബിൾ മ്യൂസിക്‌പ്ലയറിന്റെ സിരിയൽ നമ്പർ തിരയുന്ന സർവ്വീസാണ്‌. ഇത്‌ ഒഴിവാക്കാം.

Task Scheduler - ഇത്‌ നിശ്ചിതസമയക്രമങ്ങളിൽ, ഒട്ടോമാറ്റിക്കായി തുറക്കുവാൻ നിങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ചില പ്രോഗ്രാമുകളെ തുറക്കുവാനുള്ള ഉപയോഗിക്കുന്ന സർവ്വീസാണ്‌. ഒട്ടോമാറ്റിക്ക്‌ ഷെഡ്യൂൽ ടാസ്കുകൾ നിങ്ങൾക്കില്ലെങ്കിൽ ഇത്‌ ഒഴിവാക്കാം.

Uninterruptible Power Supply - കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന UPS നിയന്ത്രിക്കുന്ന സർവ്വീസാണിത്‌. UPS ഇല്ലെങ്കിൽ ഇത്‌ ഒഴിവാക്കാം.

Automatic Updates - വിൻഡോ അപ്പ്‌ഡേഷൻ ഒട്ടോമാറ്റിക്കായി നൽക്കുന്നത്‌, പലപ്പോഴും പ്രശ്നമാവാറുണ്ട്‌. ഇത്‌ മാനുവലായി ചെയ്യുന്നതാണുത്തമം.

Telnet (service available on XP Pro only) - റിമോട്ട്‌ യൂസർ, നിങ്ങളുടെ കമ്പ്യൂട്ടർ തുറക്കുവാനുപയോഗിക്കുന്ന സർവ്വിസാണിത്‌. നിങ്ങളുടെ കമ്പ്യൂട്ടർ റിമോട്ടായി നിങ്ങൾ അക്‌സസ്‌ ചെയ്യുന്നില്ലെങ്കിൽ ഇത്‌ ഒഴിവാക്കാം.

Wireless Zero Configuration Service - ഒട്ടോമാറ്റിക്കായി, Wi-Fi നെറ്റ്‌വർക്ക്‌ കാർഡുകളെ നിയന്ത്രിക്കുന്ന സർവ്വീസ്‌. നിങ്ങൾ Wi-Fi നെറ്റ്‌വർക്ക്‌ കാർഡല്ല ഉപയോഗിക്കുന്നതെങ്കിൽ ഇത്‌ ഒഴിവാക്കാം.

Smart Card / Smart Card Helper - നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു സ്മാർട്ട്‌ കാർഡ്‌ സിസ്റ്റം ഇല്ലെങ്കിൽ ഇത്‌ ഒഴിവാക്കാം.

Remote Registry service - നിങ്ങളുടെ രെജിസ്റ്റ്രി റിമോട്ട്‌ കമ്പ്യൂട്ടർ വഴി എഡിറ്റ്‌ ചെയ്യുന്നില്ലെങ്കിൽ, ഇത്‌ ഒഴിവാക്കാം.

Error Reporting Service- വിൻഡോ എററുകളും, സിസ്റ്റം ക്രഷുകളും മൈക്രോസോഫ്റ്റിന്‌ റിപ്പോർട്ട്‌ ചെയ്യുവാനുള്ള സർവ്വീസ്‌. ബിൽ ഗേറ്റിന്‌ ഇതുപയോഗിച്ച്‌, അടുത്ത OS മോഡിഫൈ ചെയ്യാമെങ്കിലും, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ CPU സൈക്കിൾ കൂട്ടുവാൻ മാത്രമേ നിങ്ങൾക്കിതുപകരിക്കൂ. ഒഴിവാക്കാം.

Alerter - ഒഴിവാക്കാം.

Clipbook – നെറ്റ്‌വർക്കിൽ കട്ട്‌ അൻഡ്‌ പേസ്റ്റിനുള്ള സർവ്വീസ്‌. ഇത്‌ എല്ലാ പ്രോഗ്രാമുകളിലും വെവ്വെറെയുണ്ട്‌. ഒഴിവാക്കാം.

Computer Browser – LAN നെറ്റ്‌വർക്കിലുള്ള മറ്റുള്ളവരുടെ കമ്പ്യൂട്ടറുകളുടെ വിവരങ്ങൾ നിങ്ങൾക്കെത്തിക്കുന്ന സർവ്വിസ്‌. നിങ്ങൾ LAN നെറ്റ്‌വർക്കിലാണെങ്കിൽ ഇത്‌ വേണം. അല്ലെങ്കിൽ, ഒഴിവാക്കാം.

FastUser Switching Compatibility – നിങ്ങളുടെ കമ്പ്യൂട്ടർ ഒരു യുസർ മത്രമാണെങ്കിൽ, ഇത്‌ ഒഴിവാക്കാം. പലരും അവരുടെ യുസർ നെയിം ഉപയോഗിച്ച്‌ ഒരു കമ്പ്യൂട്ടർ തുറക്കുന്നെങ്കിൽ, ഇത്‌ ആവശ്യമാണ്‌.ഇത്‌ ഒഴിവാക്കാം.

Messenger Service – നെറ്റ്‌ മെസഞ്ചർ വഴി IM സ്പാം വരാനുള്ള സാധ്യതയുണ്ട്‌. ഇത്‌ വിൻഡോ മെസഞ്ചറുമായി ബന്ധമുള്ളതല്ല. മറിച്ച്‌, സെർവ്വറിൽനിന്നും ക്ലയ്ന്റിലേക്ക്‌ IM മേസേജുകളയകുവാനുള്ള സർവ്വീസാണ്‌.

NetMeeting Remote Desktop Sharing Service – നെറ്റ്‌ മീറ്റിങ്ങ്‌ ഉപയോഗിക്കുന്നില്ലെങ്കിൽ, ഇത്‌ ഒഴിവാക്കാം.

Network DDE/Network DDE DSDM – DDE DSDM മൈക്രോസൊഫ്റ്റിന്റെ പരാജയപ്പെട്ട ഒരു ടെക്‌നോളജി. ഇത്‌ ഒഴിവാക്കാം.

Remote Desktop Help Session Manager Service – നിങ്ങൾ റിമോട്ട്‌ ഡെസ്ക്‌ ടോപ്പ്‌ ഉപയോഗിക്കുന്നില്ലെങ്കിൽ, ഇത്‌ ഒഴിവാക്കാം.

Telnet Service – ടെലിനെറ്റ്‌ ഉപയോഗിച്ച്‌, റിമോട്ട്‌ കമ്പ്യൂട്ടർ ഉപയോഗിക്കുന്നില്ലെങ്കിൽ, ഇത്‌ ഒഴിവാക്കാം.

നിങ്ങൾക്ക്‌ നല്ല കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടെങ്കിൽ, ഓരോ സർവ്വീസും എന്തിനാണെന്ന് നിങ്ങൾക്കറിയാമെങ്കിൽ, ഈ ലിങ്കിൽ ക്ലിക്കിയാൽ, വിൻഡോ XP യുടെ മുഴുവൻ സർവ്വീസ്‌ വിവരങ്ങളും ലഭിക്കും. അതിൽ സുരക്ഷ മേഖലയും, Tweaked മേഖലയും നിങ്ങൾക്ക്‌ ശ്രമിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം നല്ലത്‌പോലെയുണ്ടെങ്കിൽ മാത്രം Bare-Bones കാറ്റഗറി ശ്രമിക്കുക.

ഇത്‌ നിങ്ങളുടെ സ്വന്തം ബാധ്യതയിൽ മാത്രം ഉപയോഗിക്കുക. ഈ ലേഖനത്തിലെ വിവരങ്ങളനുസരിച്ച്‌, നിങ്ങളുടെ കമ്പ്യൂട്ടറിന്‌ സംഭവിക്കുന്ന കഷ്ടനഷ്ടങ്ങൾക്ക്‌ ഞാൻ ഉത്തരവാദിയല്ല. Try at your own risk



7648

Monday, May 24, 2010

10 - കമ്പ്യൂട്ടർ ബൂട്ടപ്പ്‌ സമയം ലാഭിക്കാം

കമ്പ്യൂട്ടറിന്റെ സ്പീഡും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുവാനുള്ള വഴികളിൽ ചിലത്‌ നാം കണ്ടു. (ഇവിടെ ക്ലിക്കുക)

ഇനി കമ്പ്യൂട്ടർ ബൂട്ട്‌ ചെയ്യുന്ന സമയത്ത്‌, വിൻഡോ വെൽക്കം സ്ക്രീൻ വന്നശേഷം, വിൻഡോ തുറക്കുവാൻ വളരെയധികം സമയമെടുക്കുന്നു എന്ന പരാതിയുണ്ടോ നിങ്ങൾക്ക്‌?.

എങ്കിൽ, നിങ്ങളുടെ കമ്പ്യൂട്ടർ ബൂട്ട്‌ ചെയ്യുന്ന സമയത്ത്‌, വിൻഡോ മാത്രമല്ല, നിരവധി അനുബന്ധ പ്രോഗ്രാമുകളും ഒട്ടോമാറ്റിക്കായി സ്റ്റാർട്ടാവുകയും മെമ്മറിയിൽ തങ്ങി നിൽക്കുകയും ചെയ്യുന്നുണ്ടാവും.

സത്യത്തിൽ, വിൻഡോ തുറന്നാൽ, മറ്റോരു പ്രോഗ്രാമും ഒട്ടോമാറ്റിക്കായി വിൻഡോയുടെ കൂടെ അത്യവശ്യമുള്ളതല്ല. ചുരുക്കം ചിലയവസരങ്ങളിൽ അന്റിവൈറസ്‌ പ്രോഗ്രാമുകൾ ഒട്ടോമാറ്റിക്കായി സ്റ്റാർട്ട്‌ ചെയ്യേണ്ടിവരും. ചില പ്രോഗ്രാമുകൾ ബാഗ്രണ്ടിൽ വിൻഡോയോടോപ്പം സ്റ്റാർട്ടാവുകയും അങ്ങനെ കമ്പ്യൂട്ടർ ക്രാഷാകുവാൻ വരെ സാധ്യതയുണ്ട്‌. അത്യവശ്യമില്ലാത്ത ഇത്തരം പ്രോഗ്രാമുകളെ ഒട്ടോമാറ്റിക്കായി സ്റ്റാർട്ട്‌ ചെയ്യുന്നതൊഴിവാക്കിയാൽ, കമ്പ്യൂട്ടറിന്റെ ബൂട്ട്‌ അപ്പ്‌ സമയം വളരെയധികം കുറയുന്നതാണ്‌.

ഇതിന്‌, മൈക്രോസോഫ്‌റ്റ്‌ വിൻഡോയുടെകൂടെതന്നെ വരുന്ന ഒരു പ്രോഗ്രാം നമ്മുക്കുപയോഗിക്കാം. അതാണ്‌ MSCONFIG - Microsoft System Configuration Utility.

MSCONFIG-ൽ പോയി ഒട്ടോമാറ്റിക്കായി പ്രോഗ്രാമുകൾ തുറക്കുന്നതൊഴിവാക്കുവാൻ:-

go to Start > Run - അവിടെ MSCONFIG എന്ന് ടൈപ്പ്‌ ചെയ്യുക. എന്റർ അടിക്കുക, അല്ലെങ്കിൽ OK ക്ലിക്കുക.

ഇപ്പോൾ, Microsoft's System Configuration Utility പ്രോഗ്രാം തുറന്ന് വന്നിരിക്കും. അവിടെ Startup റ്റാബിൽ ക്ലിക്കുക.(ഇത്‌, XP-SP2-ൽ അവസാനത്തെ റ്റാബും, SP-3 അവസാനത്തെ രണ്ടാമത്തെയുമാണ്‌.



ഇവിടെ സ്റ്റാർട്ട്‌ അപ്പ്‌ ചെയ്യുന്ന പ്രോഗ്രാമുകളുടെ വലിയൊരു ലിസ്റ്റ്‌ കാണാം. അതിൽ ടിക്ക്‌ മാർക്കുള്ള എല്ലാ പ്രോഗ്രാമുകളും വിൻഡോയുടെ കൂടെ ഒട്ടോമാറ്റിക്കായി തുറന്ന്‌പ്രവർത്തിക്കുന്നു എന്ന് കാണുബോൾ അത്ഭുതം തോന്നുന്നു, അല്ലെ.



വിൻഡോ XP യുടെ കൂടെ, വിൻഡോ പ്രവർത്തിക്കുവാൻ അവശ്യമായ എല്ലാ അനുബന്ധ പ്രോഗ്രാമുകളും തുറന്ന്‌വരുന്നത്‌, Windows Services എന്ന കോഡിലൂടെയാണ്‌. അതായത്‌, ഇവിടെ കാണുന്ന ഒരു പ്രോഗ്രാമും വിൻഡോ പ്രവർത്തിക്കുവാൻ ആവശ്യമുള്ളതല്ല. എങ്കിലും നിങ്ങൾ നെറ്റ്‌വർക്ക്‌ അന്തരീക്ഷത്തിലാണെങ്കിൽ, ഓഫീസിലാണെങ്കിൽ, ചില പ്രോഗ്രാമുകൾ വിൻഡോയുടെ കൂടെതന്നെ തുറക്കുന്നത്‌ ആവശ്യമായി വരും. അത്‌പോലെ അന്റിവൈറസ്‌ പ്രോഗ്രാമുകളും. ബാക്കിയുള്ള എല്ലാ പ്രോഗ്രാമുകളും നിങ്ങൾക്ക്‌ ഒഴിവാക്കാം. (നിങ്ങളുടെ കമ്പ്യൂട്ടറിൽ കാണുന്ന പ്രോഗ്രാമുകളെക്കുറിച്ച്‌ സംശയമുണ്ടെങ്കിൽ ചോദിക്കുക)

ഇവിടെ നിങ്ങൾക്കാവശ്യമില്ലാത്ത എല്ലാ പ്രോഗ്രാമുകളും ഒഴിവാക്കി (ടിക്ക്‌ മാർക്ക്‌ ഒഴിവാക്കുക) Apply ക്ലിക്കുക. OK ക്ലിക്കുക

ഇപ്പോൾ നിങ്ങളോട്‌ കമ്പ്യൂട്ടർ റീസ്റ്റാർട്ട്‌ ചെയ്യുവാൻ പറയും. ചെയ്യുക.

വീണ്ടും ഒരിക്കൽ ഇങ്ങനെ സിസ്റ്റം കോൺഫിഗർ ചെയ്യണമെങ്കിൽ, ഇതെ വഴികൾ തുടരാം

സൂക്ഷിക്കുക.

നിങ്ങൾക്കറിയാത്ത പ്രോഗ്രാമാണെങ്കിൽ ഒഴിവാക്കാതിരിക്കുക. അറിയുന്നവരോട്‌ ചോദിക്കുക. (എന്റെ സഹായം ആവശ്യമെങ്കിൽ, Startup item എന്താണെന്നും, command -ൽ പ്രോഗ്രാം വഴി എന്താണെന്നും ഇവിടെ കമന്റായി നൽകിയാൽ, സഹായിക്കുന്നതാണ്‌)

വിൻഡോ XP-2 ന്റെ സ്ക്രീൻ ഷോട്ടുകളാണ്‌ ഇവിടെയുള്ളത്‌.

മറ്റു വേർഷനുകളും മറ്റു വിൻഡോകളെയുംകുറിച്ച്‌ അറിയണമെങ്കിൽ ചോദിക്കുക.


7132

Monday, May 17, 2010

9 - കമ്പ്യൂട്ടറിന്റെ സ്പീഡ്‌ എങ്ങനെ വർദ്ധിപ്പിക്കാം

എങ്ങനെ കമ്പ്യൂട്ടറിന്റെ സ്പീഡും, പെർഫോർമൻസും കൂടുതലാക്കാം എന്ന് ചോദിച്ച്‌കൊണ്ട്‌ നിരവധി സുഹൃത്തുകൾ മെയിൽ അയക്കുകയുണ്ടായി. അവർക്ക്‌ വേണ്ടി.

നാം കമ്പ്യൂട്ടർ വാങ്ങിയ സമയത്തുള്ള സ്പീഡ്‌ ഇപ്പോൾ കമ്പ്യൂട്ടറിന്‌ ലഭിക്കുന്നില്ല അല്ലെ. മാത്രമല്ല, ഏറ്റവും നല്ല, ഏറ്റവും പുതിയ കമ്പ്യൂട്ടർ പോലും കുറഞ്ഞ ദിവസത്തിനകം സ്ലോ ആയി പോകുന്നില്ലെ. പെന്റിയം 4 കമ്പ്യൂട്ടറിനെക്കാളും, നിങ്ങളുടെ പഴയ കമ്പ്യൂട്ടർ, പെന്റിയം 3 സ്പീഡുണ്ടെന്ന് തോന്നുന്നുണ്ടോ?. ചിലതോക്കെ സത്യമാണ്‌.

നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ സ്പീഡ്‌ എങ്ങനെ വർദ്ധിപ്പിക്കാം?. സ്റ്റാർട്ടപ്പ്‌ സമയം എങ്ങനെ വർദ്ധിപ്പിക്കാം?.

മൈക്രോസോഫ്‌റ്റ്‌ വിൻഡോ എക്‌സ്‌ പി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളുടെ പ്രവർത്തന ക്ഷമത എങ്ങനെ വർദ്ധിപ്പിക്കാമെന്ന് നമ്മുക്ക്‌ നോക്കാം.

1. ഡിസ്ക്‌ എറർ ശരിയാക്കുക. (Clean up disk error)

നാം കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സമയത്ത്‌ സംഭവിക്കുന്ന പ്രോഗ്രാം ക്രാഷുകൾ, വൈദ്യുതിബന്ധം പെട്ടെന്ന് നിലച്ച്‌ പോവുക തുടങ്ങി കരണങ്ങളാൽ, നമ്മുടെ ഹാർഡ്‌ ഡിസ്കിൽ ഏറർ ഉണ്ടായിതീരുന്നു. കാലക്രമേണ ഈ ഡിസ്ക്‌ ഏറർ നമ്മുടെ കമ്പ്യുട്ടറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.വിൻഡോ ഒപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ കൂടെ വരുന്ന Disk check program ഇത്തരം ഏററുകളെ ശരിയാക്കുവാനും, ഹാർഡ്‌ ഡിസ്ക്‌ സുരക്ഷിതമായി സൂക്ഷിക്കുവാനും അത്‌വഴി കമ്പ്യൂട്ടറിന്റെ പ്രവർത്തനം സുഗമമായി നടത്തുവാനും നമ്മെ സഹായിക്കുന്നു.

ഡിസ്ക്‌ ചെക്ക്‌ (Disk check) പ്രവർത്തിപ്പിക്കുവാൻ:-

1. Start മെനുവിൽ My computer തുറക്കുക.
2. My computer-ൽ പരിശോധിക്കേണ്ട ഡിസ്ക്‌ ഡ്രൈവ്‌, സാധരണ C drive ക്ലിക്കുക. വലത്‌ മോസ്‌, (Right mouse) ക്ലിക്കി പ്രോപർട്ടീസ്‌ (Properties) എടുക്കുക.
3. Properties - ൽ tools റ്റാബ്‌ ക്ലിക്കുക. അവിടെ Error-ckecking എന്നതിന്‌ താഴെ Check Now എന്ന ബട്ടൺ ക്ലിക്കുക. അപ്പോൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെ, ഒരു Dialogog box കാണാം.


4. ഈ Dialog box - ലുള്ള Automatically fix file system errors എന്നതും, Scan for and attempt recovery of bad sector എന്നതും ടിക്ക്‌ മാർക്ക്‌ ചെയ്യുക. സ്റ്റാർട്ട്‌ ക്ലിക്കുക.
5. ഇങ്ങനെ നിങ്ങൾ സ്റ്റാർട്ട്‌ ക്ലിക്കിയാൽ ഉടൻ, ഒരു മെസേജ്‌ വരും. വിൻഡോ ഫയലുകൾ ഉപയോഗത്തിലാണ്‌, അത്‌കൊണ്ട്‌ ഇപ്പോൾ ഡിസ്ക്‌ സ്കാൻ ചെയ്യുവാൻ കഴിയില്ല. അടുത്ത പ്രവശ്യം നിങ്ങൾ വിൻഡോ റീസ്റ്റാർട്ട്‌ ചെയ്യുബോൾ, ഡിസ്ക്‌ ചെക്ക്‌ ഷെഡ്യൂൾ ചെയ്യണമോ എന്നാണ്‌ ഈ മെസേജ്‌ ചോദിക്കുന്നത്‌. അവിടെ യെസ്‌ എന്ന ബട്ടൻ ക്ലിക്ക്‌ ചെയ്യുക.

നിങ്ങൾ അടുത്ത പ്രവശ്യം വിൻഡോ റീസ്റ്റാർട്ട്‌ ചെയ്യുബോൾ, ലോഗിൻ സ്ക്രീൻ വരുന്നതിന്‌ മുൻപ്‌, ഡിസ്ക്‌ ചെക്ക്‌ നടന്നിരിക്കും. ശ്രദ്ധിക്കുക. ചില ഡിസ്കുകൾ ചെക്ക്‌ ചെയ്യുവാനും, ഡിസ്ക്‌ ഏറർ ക്ലീൻ ചെയ്യുവാനും മണിക്കുറുകളെടുക്കും.

2. താൽക്കാലിക ഫയലുകൾ ഒഴിവാക്കുക. (Remove temporary files)

നാം ഇന്റർനെറ്റ്‌ സന്ദർശിക്കുബോഴും, ഓഫീസ്‌ അപ്ലിക്കേഷനുകളായ, വേഡ്‌, എക്സൽ തുടങ്ങിയ പ്രോഗ്രാമുകൾ ഉപയോഗിക്കുബോഴും, നിരവധി താൽക്കാലിക ഫയലുകൾ നമ്മുടെ ഹാർഡ്‌ ഡിസ്കിൽ ഉണ്ടായിതീരുന്നു. ക്രമേണ ഇത്തരംഫയലുകൾ നമ്മുടെ കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ തന്നെ സാരമായി ബാധിക്കുന്നു.

Disk cleanup പ്രവർത്തിപ്പിക്കുവാൻ:-
1. Start - My Computer തുറക്കുക
2. My computer-ൽ പരിശോധിക്കേണ്ട ഡിസ്ക്‌ ഡ്രൈവ്‌, സാധരണ C drive ക്ലിക്കുക. വലത്‌ മോസ്‌, (Right mouse) ക്ലിക്കി പ്രോപർട്ടീസ്‌ (Properties) എടുക്കുക.
3. Properties ലെ General റ്റാബിൽ തന്നെ Disk Cleanup എന്ന ബട്ടൺ കാണാം. അത്‌ ക്ലിക്കുക.

4. Disk Cleanup ഇനി നിന്നളുടെ കമ്പ്യൂട്ടർ മുഴുവൻ പരിശോധിച്ച്‌, ഏതോക്കെ ഫയലുകൾ ഒഴിവാക്കാം എന്നും ഏതോക്കെ വിഭാഗത്തിൽ, ഏത്ര ഡിസ്ക്‌ സ്ഥലം ലാഭിക്കാമെന്നും പറഞ്ഞു തരും.
5. പരിശോധനക്ക്‌ ശേഷം, ആവശ്യമെങ്കിൽ, ഒരോ വിഭാഗത്തിലെയും ഫയലുകൾ നിങ്ങൾക്ക്‌ കാണാവുന്നതാണ്‌. അതിന്‌, View files എന്ന ബട്ടൺ ക്ലിക്കിയാൽ മതി. ഇവിടെ, ഏതോക്കെ ഫയലുകൾ ഒഴിവാക്കാം എന്നും, ഏതോക്കെ ഒഴിവാക്കരുതെന്നും നിങ്ങൾക്ക്‌ നിർദ്ദേശിക്കാം. അതിന്‌, ഓരോ വിഭാഗത്തിന്‌ നേരെയും കാണുന്ന ടിക്ക്‌ മാർക്ക്‌ ഒഴിവാക്കുകയോ, ടിക്ക്‌ ചെയ്യുകയോ ചെയ്യുക. എല്ലം പരിശോധിച്ച ശേഷം ഡിസ്ക്‌ ക്ലീൻ ചെയ്യുവാൻ നിങ്ങൾ തയ്യറാണെങ്കിൽ, OK ക്ലിക്ക്‌ ചെയ്യുക.
6. More options എന്ന ടാബിൽ, നിങ്ങൾ ഉപയോഗിക്കാതിരിക്കുന്ന പ്രോഗ്രാമുകളും, ഉപയോഗമില്ലാത്ത വിൻഡോ സിസ്റ്റത്തിലെ പ്രോഗ്രാമുകളും മറ്റും ഒഴിവാക്കുവാനുള്ള മാർഗ്ഗങ്ങൾ കൂടിയുണ്ട്‌. നിങ്ങൾക്ക്‌ കമ്പ്യൂട്ടർ പരിജ്ഞാനം കുറവാണെങ്കിൽ, ഇവിടെ ഒന്നും ചെയ്യാതിരിക്കുക.
3. ഡാറ്റകൾ ക്രമീകരിക്കുക (Rearrange your data)

നിങ്ങൾ സാധരണ ഉപയോഗിക്കുന്ന ഫയലുകൾ, എടുക്കുവാൻ പാകത്തിൽ, കഷ്ണം കഷ്ണമാക്കി വിൻഡോ മുറിച്ച്‌ വെച്ചിരിക്കും എന്ന് കേട്ടിട്ട്‌ അത്ഭുതം തോന്നുന്നുവോ?. ഇങ്ങനെ കഷ്ണങ്ങളാക്കിയ ഫയലുകൾ ക്രമേണ ഡിസ്കിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിക്കുകയും, ഡിസ്ക്‌ സെക്റ്ററുകൾ ക്രമം തെറ്റുകയും ചെയ്യുന്നു. ഇത്‌ കമ്പ്യൂട്ടറിന്റെയും, ഫയലുകളുടെയും പ്രവർത്തനക്ഷമത കുറയ്ക്കുവാൻ കരണമായിതീരുന്നു. വിൻഡോയുടെ കൂടെ തന്നെയുള്ള Disk Defragmenter എന്ന പ്രോഗ്രാം, ഡിസ്കുകളെയും ഫയലുകളെയും വീണ്ടും ക്രമീകരിച്ച്‌, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.

Disk Defragment പ്രവർത്തിപ്പിക്കുവാൻ:-

1. Start - My Computer തുറക്കുക.
2. My computer-ൽ പരിശോധിക്കേണ്ട ഡിസ്ക്‌ ഡ്രൈവ്‌, സാധരണ C drive ക്ലിക്കുക. വലത്‌ മോസ്‌, (Right mouse) ക്ലിക്കി പ്രോപർട്ടീസ്‌ (Properties) എടുക്കുക.
3. Properties - ൽ - Tools ടാബ്‌ ക്ലിക്ക്‌ ചെയ്യുക., അവിടെ Defragment Now... എന്ന ബട്ടൺ ക്ലിക്ക്‌ ചെയ്യുക.
4. Defragment Dialog Box - ൽ നിങ്ങൾക്ക്‌ പരിശോധിക്കേണ്ട ഡ്രൈവ്‌ സെലക്റ്റ്‌ ചെയ്യുക. സാധരണ C ഡ്രൈവായിരിക്കും. എന്നിട്ട്‌, Analuz എന്ന ബട്ടൺ ക്ലിക്കുക.

5. ഈ പ്രോഗ്രാം നിങ്ങളുടെ ഡിസ്ക്‌ പരിശോധിച്ച ശേഷം, ഡിസ്ക്‌ ഇപ്പോൾ തന്നെ Defragment ചെയ്യണോ അല്ലെങ്കിൽ ഡിസ്ക്‌ എത്ര ശതമാനം Defragment ആയിട്ടുണ്ട്‌ എന്ന് കാണിച്ച്‌ തരും. അവിടെ Defragment എന്ന ബട്ടൺ ക്ലിക്കുക.ഫയലുകൾ ക്രമപ്പെടുത്തി, ഡിസ്ക്‌ കൂടുതൽ മികവോടെ പ്രവർത്തനസജ്ജമാകുവാൻ ഈ പ്രോഗ്രാം ഉപകരിക്കും.

അവസാനമായി, എന്നാൽ ആദ്യം ചെയ്യേണ്ടത്‌, ഒരു നല്ല അന്റി വൈറസ്‌ പ്രോഗ്രാമും, അന്റി സ്പൈവെയർ പ്രോഗ്രാമും നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്‌.

കൂടാതെ, ആവശ്യമില്ലാത്ത പ്രോഗ്രാമുകൾ കഴിവതും ഒഴിവാക്കുക. ഇന്ന് നിലവിലുള്ള പല പ്രോഗ്രാമുകളും ധാരാളം ഡിസ്ക്‌ സ്ഥലവും മെമ്മറിയും ഉപയോഗിക്കുന്നവയാണ്‌.

കൂടുതൽ സംശയങ്ങൾ, ദയവായി ചോദിക്കുക.


6196

Sunday, May 16, 2010

3 - വിവിധ തരം നെറ്റ്‌വർക്കുകൾ.

സാധരണ നിങ്ങൾ കേട്ടിരിക്കുക രണ്ട്‌ തരം നെറ്റ്‌വർക്കുകളെക്കുറിച്ചാണ്‌.

1. ലോക്കൽ ഏരിയ നെറ്റ്‌വർക്ക്‌ - LAN
2. വൈഡ്‌ ഏരിയ നെറ്റ്‌വർക്ക്‌ - WAN

എന്നാൽ ഇവ രണ്ടും കൂടാതെ മറ്റനവധി നെറ്റ്‌വർക്കുകളും നിലവിലുണ്ട്‌. ഇവയെക്കുറിച്ച്‌ മനസിലാക്കുന്നതിന്‌ മുൻപ്‌ നമ്മുക്ക്‌ എന്താണ്‌ LAN എന്താണ്‌ WAN എന്ന് നോക്കാം.

ലോക്കൽ ഏരിയ നെറ്റ്‌വർക്ക്‌ - LAN

ഒരു ചെറിയ ഏരിയയിൽ, രണ്ടോ അതിലധികമോ കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയാണ്‌ ലാൻ. വിവിധ നെറ്റ്‌വർക്ക്‌ ഉപകരണങ്ങൾ, ഉദഹരണത്തിന്‌, രണ്ട്‌ കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ തുടങ്ങിയ തമ്മിൽ കേബിൾ വഴിയോ, വയർലെസ്‌ വഴിയോ, ബന്ധപ്പെടുത്തുന്ന രീതി. സാധരണ ലാൻ, ഒരു കെട്ടിടത്തിലോ, ഒരു സ്കൂളിലോ ആണ്‌ ഉപയോഗിക്കുക. വളരെ ചെറിയ ഏരിയ കവർ ചെയ്യുന്നതിനാണ്‌ ലാൻ ഉപയോഗിക്കുന്നത്‌.

Ethernet അല്ലെങ്കിൽ Token Ring ടെക്‌നോളജി ഉപയോഗിച്ചാണ്‌ ലാൻ പ്രവർത്തിപ്പിക്കുന്നത്‌.




വൈഡ്‌ ഏരിയ നെറ്റ്‌വർക്ക്‌ - WAN

പേര്‌ സൂചിപ്പിക്കുന്ന പോലെ, ഒരു വലിയ ഏരിയ കവർ ചെയ്യുന്നതാണ്‌ വാൻ. എറ്റവും വലിയ നിലവിലുള്ള വാൻ, ഇന്റർനെറ്റാണ്‌. അതിന്റെ പരിധി ലോകം മുഴുവനുമാണ്‌. നിരവധി ലോക്കൽ ഏരിയ നെറ്റ്‌വർക്കുകൾ അടങ്ങിയതാണ്‌ വാൻ. ലോക്കൽ ഏരിയ നെറ്റ്‌വർക്കിൽനിന്നും റൂട്ടർ എന്ന നെറ്റ്‌വർക്ക്‌ ഉപകരണമുപയോഗിച്ചാണ്‌ വാനിലേക്ക്‌ കണക്‌റ്റ്‌ ചെയ്യപ്പെടുന്നത്‌. (നിങ്ങളുടെ DSL മോഡം, ഒരു റൂട്ടർ കൂടിയാണ്‌. അതാണ്‌ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഡാറ്റ പാക്കറ്റുകൾ, എങ്ങിനെ, ഏത്‌ വഴി അയക്കണമെന്ന് തീരുമാനിക്കുന്നത്‌) നെറ്റ്‌വർക്കിന്റെ റൂട്ട്‌ തിരുമാനിക്കുന്ന ഉപകരണമാണ്‌ റൂട്ടർ എന്ന് ലളിതമായി പറയാം.




മറ്റു നെറ്റ്‌വർക്കുകൾ:-

1. WLAN - Wireless Local Area Network
ലാൻ നെറ്റ്‌വർക്ക്‌ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന, വയർലെസ്സ്‌ ആയ Wifi ഉപയോഗിച്ചുള്ള നെറ്റ്‌വർക്ക്‌.

2. MAN - Metropolitian Area Network
ഒരു പട്ടണ പ്രദേശം മുഴുവൻ കവർ ചെയ്യുന്ന ലാനിനെക്കൾ വലിയ നെറ്റ്‌വർക്ക്‌.

3. SAN - Storage Area Network, System Area Network, Server Area Network or Small Area Network
ഫൈബർ ചാനൽ (Fibre Channel) ടെക്‌നോളജി ഉപയോഗിച്ച്‌, കമ്പ്യൂട്ടർ സെർവ്വറുകളെ ഡാറ്റ സൂക്ഷിച്ചിരിക്കുന്ന ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക്‌.

4. CAN - Campus Area Network, Controller Area Network, or Cluster Area Network
ഒന്നിലധികം ലാൻ നെറ്റ്‌വർക്കുകൾ അടങ്ങിയ, എന്നാൽ MAN നെറ്റ്‌വർക്കിനെക്കാൾ ചെറിയ നെറ്റ്‌വർക്ക്‌. സാധരണ ഒരു യൂണിവൈസിറ്റിയോ ഒരു ബിസിനസ്സ്‌ ക്യമ്പസോ കവർ ചെയ്യുന്നതാണ്‌ CAN

5. PAN - Personal Area Network
ഒരാളുടെ പരിധിയിലുള്ള ഇൻഫോർമേഷൻ ടെക്‌നോളജി ഉപകരണങ്ങൾ തമ്മിൽ വയർലെസ്സ്‌ വഴി ബന്ധപ്പെറ്റുത്തുന്ന നെറ്റ്‌വർക്ക്‌. ഉദാഹരണത്തിന്‌, ഒരാളുടെ ലാപ്പ്‌ടോപ്പ്‌, PDA, പോർട്ടബിൾ പ്രിന്റർ എന്നിവ തമ്മിൽ വയർലെസ്സ്‌ വഴി ബന്ധപ്പെടുത്തുന്ന രീതി.

6. DAN - Desk Area Network
ATM - Asynchronous Transfer Mode ടെക്‌നോളജി ഉപയോഗിച്ച്‌, വിവിധ ഉപകരണങ്ങൾ തമ്മിലുള്ള നെറ്റ്‌വർക്ക്‌.




.

Saturday, May 15, 2010

സുക്ഷിക്കുക - ഗൂഗിൾ ഇമെയിൽ ഫിഷിംഗ്‌

ന്യുഡൽഹി: ഇന്ത്യയിലെ ഒരുകോടിയോളം ബ്രോഡ്ബാൻഡ്‌ ഇന്റർനെറ്റ്‌ ഉപയോക്താക്കൾ ജീവനു പോലും ഭീഷണിയാകുന്ന തരത്തിൽ തട്ടിപ്പിനും മോഷണത്തിനും ഇരയാകുന്നതായി റിപ്പോർട്ട്‌. സൈബർ ഭാഷയിൽ ഫിഷിംഗ്‌ എന്നറിയപ്പെടുന്ന ഈ തട്ടിപ്പ്‌ ആഗോളവ്യാപകമായി വർധിച്ചുവരികയാണ്‌.

ഫിഷിംഗ്‌ തടയുക എന്ന ലക്ഷ്യത്തോടെ ഗൂഗിൾ ഇമെയിൽ സർവീസ്‌ ഉപയോക്താക്കൾക്കു അവരുടെ അക്കൗണ്ട്‌ അപ്ഡേറ്റു ചെയ്യുന്നതിനു വേണ്ടി വിശദവിവരങ്ങൾ ആവശ്യപ്പെട്ട്‌ ജി മെയിൽ ടീം ലീഗൽ നോട്ടീസ്‌ നൽകിത്തുടങ്ങിയിട്ടുണ്ട്‌.


എല്ലാ അക്കൗണ്ടുടമകൾക്കും പൂർണ സുരക്ഷ നൽകുക എന്നതാണ്‌ ഉദ്ദേശിക്കുന്നതെന്നും അതുകൊണ്ടാണു കൂടുതൽ വിവരങ്ങൾ ആരായുന്നതെന്നും ജി മെയിൽ കമ്പനി വക്താക്കൾ അറിയിച്ചു.
അക്കൗണ്ടുടമയുടെ പേര്‌, പാസ്‌വേർഡ്‌, ജനനത്തീയതി, രാജ്യം എന്നിവയാണു ഉപയോക്താക്കൾ അപ്ഡേറ്റ്‌ ചെയ്യേണ്ടത്‌. ജിമെയിലിന്റെ മുന്നറിയിപ്പ്‌ നോട്ടീസ്‌ ലഭിച്ച്‌ ഏഴുദിവസത്തിനുളിൽ ഇക്കാര്യങ്ങൾ അപ്ഡേറ്റ്‌ ചെയ്യാത്തവരുടെ അക്കൗണ്ട്‌ എന്നേക്കുമായി നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം ചേർത്തിട്ടുണ്ട്‌.

കഴിഞ്ഞ ബുധനാഴ്ച മുതൽ ഉപയോക്താക്കൾക്ക്‌ ഇതു ലഭിച്ചുതുടങ്ങിയതായിട്ടാണു റിപ്പോർട്ട്‌. എന്നാൽ ചില വ്യക്തിഗത വിവരങ്ങൾ സൂത്രത്തിൽ ചോർത്തുന്നതിനു സ്പാം മെയിൽ ഏജന്റുമാർ ഈ അവസരം മുതലെടുത്തു രംഗത്തിറങ്ങിയിട്ടുണ്ട്‌ന്നും ജി മെയിൽ വക്താക്കൾ പറയുന്നു.

സ്പൂഫിംഗ്‌ അല്ലെഗ്ലിൽ പാസ്‌വേർഡ്‌ ഫിഷിംഗ്‌ എന്നാണു ഇത്‌ അറിയപ്പെടുന്നത്‌. ഇത്തരം സ്പാം സന്ദേശങ്ങളോട്‌ ഉപയോക്താക്കൾ ജാഗ്രത പുലർത്തണമെന്നും ഈ രീതിയിലുള മാസ്‌ സന്ദേശങ്ങൾ ഗൂഗിളോ ജിമെയിലോ അയയ്ക്കില്ലെന്നും അറിയിപ്പിൽ പറയുന്നു. ഗൂഗിളിന്റെ സപ്പോർട്ട്‌ സെന്റർ വിലാസമായ
http://mail.google.com/support/bin/answer.py?hl=en&answer=8253 ൽ നിന്നും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കും.

കഴിഞ്ഞ ഡിസംബർ മുതൽ ഇന്ത്യയിൽ ഫിഷിംഗ്‌ വർധിച്ചുവെന്നു ഇന്റർനെറ്റ്‌ ആൻഡ്‌ മൊബെയിൽ അസോസിയേഷൻ ഓഫ്‌ ഇന്ത്യ കൺസൾട്ടന്റ്‌ രക്ഷിത്‌ ടാണ്ടൻ പറയുന്നു.

സ്വതന്ത്ര ഇമെയിൽ സെറ്റുകളായ ജി മെയിൽ, യാഹൂ, സോഷ്യൽ നെറ്റ്‌വർക്കുകളായ ഫേസ്ബുക്ക്‌, ഓർക്കുട്ട്‌ എന്നിവ കഴിഞ്ഞാൽ ബാങ്കൂകളുടെ സൈറ്റുകളാണു ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിനിരയായിരിക്കുന്നത്‌.

സൈബർ സുരക്ഷയ്ക്കു വേണ്ടി സംഘടന പ്രചാരണം ആരംഭിച്ചിട്ടുണ്ട്‌. രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 43 നഗരങ്ങളിലെ 185 സ്കൂളുകളിൽ പഠിക്കുന്ന 3.5 ലക്ഷം കുട്ടികൾക്കിടയിലാണു പ്രചാരണം നടത്തുന്നത്‌.

കടപ്പാട്‌. deepika.com
The Economic Times
----------

ഈയിടെ എന്റെ ജീ മെയിൽ അക്കൗണ്ട്‌ പ്രവർത്തനരഹിതമാവുകയും, എന്റെ അക്കൗണ്ട്‌ വിവരങ്ങൾ പുതുക്കുവാൻ അവശ്യപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല അക്കൗണ്ട്‌ ഉറപ്പിക്കുവാൻ അവർ ഒരു കോഡ്‌ എന്റെ മൊബെയിലിലേക്ക്‌ SMS ചെയ്യുകയും ചെയ്തു. ഗൂഗിൾ മെയിലിന്റെ വെബ്‌ സൈറ്റ്‌ പ്രകരം അത്‌ ഗൂഗിളിൽനിന്ന് തന്നെയാണെന്ന് ഉറപ്പിച്ചശേഷമാണ്‌ ഞാൻ എന്റെ മൊബൈൽ നമ്പർ നൽകിയത്‌.

ലിങ്ക്‌ ഇവിടെ.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോദിച്ച്‌കൊണ്ടുള്ള മെയിലുകളെ സംശയത്തോടെ മാത്രം വീക്ഷിക്കുക. ബാങ്കുകളും മറ്റും ഇത്തരം വിവരങ്ങൾ ചോദിച്ച്‌കൊണ്ട്‌ ഒരിക്കലും മെയിൽ അയക്കാറില്ലെന്ന് പ്രതേകം ഓർമ്മിക്കുക.

നിങ്ങൾക്ക്‌ കിട്ടിയ മെയിലിൽ വരുന്ന ലിങ്ക്‌ ശ്രദ്ധിച്ചാൽ തന്നെ, അത്‌ ഒറിജിനലാണോ എന്ന് മനസിലാക്കുവാൻ കഴിയും. തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള വെബ്‌ അഡ്രസുകളെയും സൂക്ഷിക്കുക.

അത്തരത്തിൽ ചിലത്‌.
http://gmailupgrades.com/Gmail-Account-Upgrade

ഇത്‌ ഒറിജിനൽ അല്ല, വ്യജനാണ്‌.

സുക്ഷിക്കുക. ജീ മെയിലിന്റെ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ നിങ്ങളുടെ മെയിൽ ഹാക്ക്‌ ചെയ്യുവാൻ തയ്യറായി നിൽക്കുന്നുണ്ട്‌.

അക്കൗണ്ടുടമയുടെ പേര്‌, പാസ്‌വേർഡ്‌, ജനനത്തീയതി, രാജ്യം എന്നിവയാണു ഉപയോക്താക്കൾ അപ്ഡേറ്റ്‌ ചെയ്യേണ്ടത്‌. ഇതിന്റെ കൂടെ, നിങ്ങളുടെ ഓപ്പറേറ്റിംഗ്‌ സിസറ്റം, മെയിൽ പ്രോഗ്രാം എതാണ്‌. അന്റിവൈറസ്‌ എതാണ്‌ തുടങ്ങിയ വിവരങ്ങൾ ചോദിക്കുന്നെങ്കിൽ, സൂക്ഷിക്കുക. അത്‌ ഫിഷിംഗ്‌ മെയിലാണ്‌.

.

Tuesday, May 11, 2010

2 - ഇന്റർനെറ്റിന്റെ പ്രവർത്തനം

ഇന്റർനെറ്റിന്റെ പ്രവർത്തനം വളരെ ലളിതമായി മനസിലാക്കുവാൻ ചെറിയ ഒരു ഉദാഹരണത്തിലൂടെ നമ്മുക്ക്‌ ശ്രമിക്കാം.

നിങ്ങൾ സുഹൃത്തിന്‌ ഒരു ഫയൽ, ഈമെയിൽ വഴി അയക്കുന്നു എന്ന് കരുതുക.

Transmission Control Protocol / Internet Protocol (TCP/IP) ആണ്‌ അയക്കുവാനും സ്വീകരിക്കുവാനുമുള്ള ഡാറ്റയെ തയ്യാറാക്കുന്നത്‌. മെഷിന്റൊഷ്‌ നെറ്റ്‌വർക്ക്‌ വഴി, ഇത്തരം ഡാറ്റകളെ വിൻഡോ നെറ്റ്‌വർക്കിലേക്കോ, Unix നെറ്റ്‌വർക്കിലേക്കോ, അവിടുന്ന് തിരിച്ചും കൈമാറ്റം ചെയ്യാവുന്ന ഡാറ്റകളാണെന്ന് ഉറപ്പ്‌വരുത്തുക എന്ന ജോലി TCP/IP നിർവ്വഹിക്കുന്നു.

നിങ്ങൾ സുഹൃത്തിനയക്കുന്ന ഫയൽ, നേരെ സുഹൃത്തിന്റെ കമ്പ്യൂട്ടറിലെക്കല്ല അയക്കപ്പെടുന്നത്‌. ഒരുമിച്ച്‌ അയക്കുകയുമല്ല. നിങ്ങളുടെ ഫയൽ ആദ്യം വിവിധ ഡാറ്റ പാക്കറ്റുകളാക്കി മാറ്റുന്നു. TCP/IP യുടെ IP സൈഡ്‌, അതായത്‌ Internet Protocol സൈഡ്‌, ഈ ഡാറ്റ പാക്കറ്റുകളെ പ്രതേകമായ ഇന്റർനെറ്റ്‌ അഡ്രസ്‌ ഉപയോഗിച്ചോ, നിങ്ങളുടെ സുഹൃത്തിന്റെ IP Address ഉപയോഗിച്ചോ പേരിടുന്നു. Transmission Control Protocol - TCP സൈഡ്‌, ഇത്തരം ഓരോ പാക്കറ്റുകൾക്കും ഒരു ക്രമനമ്പർ നൽകുന്നു. ഈ ക്രമ നമ്പറുകളാണ്‌ നിങ്ങളുടെ സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ, TCP/IP യോട്‌, പാക്കറ്റുകൾ സ്വീകരിച്ച്‌ എങ്ങനെ ക്രമീകരിക്കണമെന്നും, വിവിധ പാക്കറ്റുകളെ എങ്ങനെ ഫയലാക്കണമെന്നും പറയുന്നതും. ഇത്തരം പാക്കറ്റുകൾ വിവിധ റൂട്ടറുകൾ വഴി സഞ്ചരിച്ച്‌, നിങ്ങളുടെ സുഹൃത്തിന്റെ കമ്പ്യൂട്ടറിലെത്തുന്നു. ഇത്തരം അതിസങ്കീർണ്ണമായ TCP/IP യുടെ പ്രവർത്തനങ്ങളെല്ലാം മില്ലിസെക്കന്റുകൾക്കുള്ളിൽ നടത്തപ്പെടുന്നു.

നിങ്ങളുടെ കമ്പ്യൂട്ടറിൽനിന്നും പാക്കറ്റുകൾ വിവിധ റൂട്ടറുകൾ വഴി അയക്കുന്നു. ഒരോ റൂട്ടറും പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന IP Address വായിക്കുകയും, എറ്റവും വേഗതയുള്ള വഴി (Path) തിരുമാനിക്കുകയും ചെയ്യുന്നു. ഇന്റർനെറ്റിന്റെ വഴിയിൽ (Path) എപ്പോഴും ട്രാഫിക്ക്‌ മാറികൊണ്ടിരിക്കുന്ന കാരണം, ഒരോ പാക്കറ്റുകളും വിവിധ വഴികൾ മുഖേനയും അയക്കപ്പെടുന്നു.

ഒന്നും മനസിലായില്ലെങ്കിൽ, ഒരു ചെറിയ ഉദാഹരണം.

നിങ്ങൾ അയക്കുവനുദ്ദേശിച്ച്‌ ഫയൽ, നിങ്ങളുടെ കമ്പ്യൂട്ടർ a,b,c,d എന്നീ പാക്കറ്റുകളാക്കുകയും, അവയ്ക്‌ 1,2,3,4 എന്നീ ക്രമനമ്പർ നൽക്കുകയും ചെയ്യുന്നു. നിങ്ങളുടെ റൂട്ടറിൽനിന്നും a ഒരു വഴിക്കും, b മറ്റോരു വഴിക്കും പോവുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ISP യുടെ സൗകര്യങ്ങളും നിങ്ങൾ നിൽക്കുന്ന രാജ്യത്തിന്റെ സൗകര്യങ്ങളും കണക്കിലെടുത്ത്‌, ഏറ്റവും വേഗതയിൽ, ഏത്‌ വഴിയാണ്‌ ഈ പാക്കറ്റുകൾ അയക്കുവാൻ കഴിയുക എന്ന് നിങ്ങളുടെ റൂട്ടർ തീരുമാനിക്കുന്നു. ട്രാഫിക്ക്‌ കുറവുള്ള വഴിയാണ്‌ a യും b യും പോയതെങ്കിൽ, അടുത്ത സെക്കന്റിൽ ആ വഴിയുള്ള ട്രഫിക്ക്‌ കൂടുതലായാൽ, ബാക്കിയുള്ള പാക്കറ്റുകൾ, അതായത്‌ c യും d യും മറ്റോരു വഴിയാവും റൂട്ടർ അയക്കുക. ഒരു റൂട്ടറിൽനിന്ന് മറ്റോന്നിലേക്ക്‌ ഈ പാക്കറ്റുകൾ കൈമാറുംബോൾ, പാക്കറ്റുകളിൽ രേഖപ്പെടുത്തിയ IP Address റൂട്ടർ വായിക്കുകയും, മറ്റോരു ട്രാഫിക്ക്‌ കുറഞ്ഞ വഴിയിലൂടെ ഈ പാക്കറ്റുകൾ അയക്കുകയും ചെയ്യുന്നു.

ഈ പക്കറ്റുകളോക്കെ, നിങ്ങളുടെ സുഹൃത്തിന്റെ കമ്പ്യൂട്ടർ സ്വീകരിക്കുകയും, ക്രമനമ്പർ അനുസരിച്ച്‌, ഫയലാക്കുകയും ചെയ്യുന്നു. അങ്ങിനെ നിങ്ങൾ അയച്ച ഫയൽ, അതേപോലെ സുഹൃത്തിന്‌ കാണുവാൻ സാധിക്കുന്നു.

-----------------
ടെക്‌നിക്കൽ വിഷയങ്ങൾ മലയാളത്തിലാക്കുവാൻ വളരെ പ്രയാസമുണ്ട്‌. കഴിവതും ഞാൻ നീതി പുലർത്തിയെന്ന് വിശ്വസിക്കുന്നതോടോപ്പം, ഇത്‌ പൂർണ്ണമാണ്‌ എന്നവകാശപ്പെടാൻ ഒരിക്കലും സാധിക്കില്ല. ന്യൂനതകളും, മറ്റു വിവരങ്ങളും എല്ലാവരും അറിയിക്കുക. തീർച്ചയായും കൂട്ടിചേർക്കലുകൾ നടത്താവുന്നതാണ്‌.

.

Monday, May 10, 2010

1-ഇന്റർനെറ്റ്‌ - ആമുഖം

1960 കളിൽ, ശീതയുദ്ധകാലത്ത്‌, അതീവ രഹസ്യമായി, വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു ആശയവിനിമയ സംവിധാനം എങ്ങിനെ നിർമ്മിക്കാം എന്ന അമേരിക്കൻ പട്ടാളത്തിന്റെ ഗവേഷണഫലമയാണ്‌, ഇന്റെനെറ്റിന്റെ അടിത്തറ രൂപം കൊള്ളുന്നത്‌. കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സംവിധാനം എന്ന ആശയമായിരുന്നു ഇതിൽ പ്രധാനം. നെറ്റ്‌ വർക്ക്‌ എന്ന സുന്ദര സ്വപ്നങ്ങളുടെ തുടക്കം.

തുടക്കത്തിൽ ഗവൺമെന്റും, ഏതാനും ചില സർവ്വകലാശാലകളും കമ്പ്യൂട്ടർ മുഖേന ബന്ധപ്പെടുത്തിയിരുന്ന് ഒരു പ്രോജക്റ്റായിരുന്നു ഇത്‌. ഇന്റർനെറ്റ്‌ അന്ന്, Department of Defense ന്റെ Advanced Research Project Agency (ARPA) നിയന്ത്രിക്കുന്ന, പട്ടാളം ഉപയോഗിക്കുന്ന എറ്റവും സുരക്ഷിതമായ ആശയവിനിമയ സംവിധാനമായി മാറുവാൻ താമസമുണ്ടായില്ല. ഇതിന്റെ മൊത്തം പ്രവർത്തന രീതിയെ ARPANET എന്നാണറിയപ്പെട്ടിരുന്നത്‌.

കാലക്രമേണ ARPANET കമ്പ്യൂട്ടറുകൾ പ്രതിരോധ മന്ത്രാലയം സഹയം നൽകുന്ന എല്ലാ യുണിവയ്സിറ്റികളിലും സ്ഥാപിച്ചു. പതിയെ ഇന്റർനെറ്റ്‌, പട്ടാളത്തിന്റെ കൈപിടിയിൽനിന്നും വഴുതി, ശാസ്ത്രജ്ഞരുടെ പ്രധാന ആശയവിനിമയ മാർഗ്ഗമായി മാറി. കൂടുതൽ ശാസ്ത്രജ്ഞന്മാർ ഓൺലൈനിൽ വന്ന് തുടങ്ങിയപ്പോൾ, ഈ സംവിധാനത്തിന്റെ നടത്തിപ്പ്‌ 1950-ൽ ARPA യിൽ നിന്നും National Science Foundation എന്ന എജൻസിക്ക്‌ കൈമാറി.

വർഷങ്ങൾ കടന്ന്‌ പോകവെ, വാണിജ്യവശ്യങ്ങൾക്ക്‌ ഇന്റർനെറ്റ്‌ ഉപയോഗിക്കുവാൻ തുടങ്ങിയതോടെ, ഇന്റർനെറ്റ്‌ നടത്തുന്നതും നിയന്ത്രിക്കുന്നതും പിന്നെയും പല എജൻസികളെയും മാറി മാറി എൽപ്പിക്കപ്പെട്ടു.

എന്നാൽ ഇന്റർനെറ്റ്‌ "പ്രവർത്തിപ്പിക്കുന്ന" ഒരു സംഘടനയോ, എജൻസിയോ, ഇന്ന് നിലവിലില്ല. മറിച്ച്‌, ഇന്റർനെറ്റിന്റെ "നിലനിൽപ്പ്‌" നിരീക്ഷിക്കുന്ന, ഇന്റർനെറ്റിന്റെ ഘടന നിയന്ത്രിക്കുന്ന നിരവധി സംവിധാനങ്ങൾ മാത്രമാണ്‌ ഇന്ന് നിലവിലുള്ളത്‌.

ഇന്റർനെറ്റിന്റെ നടത്തിപ്പിനെക്കുറിച്ച്‌, ക്യപ്റ്റൻ എഴുതിയ ലേഖനം ഇവിടെ

ഇന്റർനെറ്റിന്റെ വേഗതയിൽ വന്ന മാറ്റം, വിവരങ്ങൾ കൈമാറുവാനുള്ള വേഗത, ആശയങ്ങൾ കൈമാറ്റം ചെയ്യുവാനുള്ള സമയലാഭം എന്നിവ നെറ്റ്‌ വിപ്ലവത്തിന്റെ തുടക്കമായിരുന്നു. ഇപ്പോഴും നെറ്റിന്റെ വേഗതയനുസരിച്ച്‌, പുതിയ വിപ്ലവങ്ങൾ സൃഷ്ടിക്കപ്പെട്ട്‌കൊണ്ടിരിക്കുന്നു.

വിവിധതരം ആവശ്യങ്ങൾക്ക്‌, ഇന്ന് ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നു. ഇന്റർനെറ്റ്‌ പ്രവർത്തിപ്പിക്കുവാൻ, പലതരം രീതികളും ഇന്ന് നിലവിലുണ്ട്‌. ഉദാഹരണത്തിന്‌, ഡയൽ അപ്പ്‌ കണക്‌ഷൻ, DSL, Dedicated Line തുടങ്ങിയവയും, പുതുമുഖമായ Wireless വിദ്യയും ഇന്ന് സുലഭമാണ്‌.

ഈമെയിലുകൾ അയക്കുവാനുള്ള മാർഗ്ഗങ്ങൾ മുതൽ, ചാറ്റിങ്ങിനും ബ്രസിങ്ങിനും തുടങ്ങി, അനേകമാളുകൾക്ക്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന്, ഒരു മേശക്ക്‌ ചുറ്റുമെന്നപോലെ, വിഡിയോ കോൺഫറൻസ്‌ നടത്തുവാനുള്ള സൗകര്യങ്ങൾ വരെ, ഇന്ന് നെറ്റ്‌ നമുക്ക്‌ മുന്നിൽ തുറന്ന് വെക്കുന്നു.

.

ഇന്റർനെറ്റിന്റെ ബാലപാഠങ്ങൾ

എന്താണ്‌ ഇന്റർനെറ്റ്‌?

ഇന്റർനെറ്റ്‌ എങ്ങിനെയാണ്‌ പ്രവർത്തിക്കുന്നത്‌?

LAN & WAN എന്നാലെന്ത്‌?

WEB എന്നാലെന്ത്‌?

വിവിധ ഇന്റർനെറ്റ്‌ വഴികൾ Internet Access എതോക്കെ?

വയർലെസ്സ്‌ ബ്രോഡ്‌ ബാൻഡ്‌

ADSL & Cable ബ്രോഡ്ബാൻഡ്‌

ഈമെയിലുകൾ

വെബ്‌ പോർട്ടലുകൾ

ഓൺ ലൈൻ സുരക്ഷ

ബ്രൗഷറുകൾ

ചാറ്റിങ്ങ്‌

ഫയൽ ഷെയറിങ്ങ്‌.

Skype, Yahoo, Window Messenger എന്നിവ എങ്ങിനെ ഉപയോഗിക്കാം?.

ഓൺലൈൻ ഷോപ്പിങ്ങ്‌


നിത്യജീവിതത്തിൽ ആവശ്യമായ, ഇന്റർനെറ്റിന്റെ വിവിധ ഉപയോഗങ്ങൾ, വളരെ ലളിതമായി, വളരെ ചുരുങ്ങിയ രൂപത്തിൽ വിവരിക്കുന്ന ഒരു പരമ്പര തയ്യറാക്കുന്നു.

എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

സംശയങ്ങളും കൂടുതൽ വിവരങ്ങളും ആവശ്യമുള്ളവർ, നിങ്ങളുടെ സംശയങ്ങൾ കമന്റായി ഇവിടെ ചേർക്കുവാൻ അപേക്ഷിക്കുന്നു.


.

Monday, May 3, 2010

SSLC RESULT

2010 - ലെ SSLC പരീക്ഷ ഫലം, താഴെ പറയുന്ന വെബ്‌ൽ ലഭ്യമാണ്‌.

http://results.itschool.gov.in/

എല്ലാവർക്കും വിജയാശംസകൾ.

.