ഉബുണ്ടു, ഉബുണ്ടു, ഞാനുണ്ട്.ബിൽഗേറ്റിനെ പാപ്പരാക്കിയിട്ട്, എനിക്ക് ഒരു കമ്പനി തുടങ്ങികളയാമെന്ന മോഹമൊന്നും ഇല്ലാത്ത ഞാൻ, എന്തിന് ലിനക്സിൽ കയറിപറ്റി എന്ന് ചോദിച്ചാൽ, ഉത്തരം സിമ്പിൾ.
വർഷങ്ങളായി വിൻഡോ 3 മുതൽ 95 ലും 98 ലും എക്സ്‌പിയിലും വിസ്തയിലും പിന്നെ 7 ലും എല്ലാം പുതുമയുള്ളത് വല്ലതും കിട്ടുമോ എന്നായിരുന്നു അനേഷണം.വെറുതെ വർഷങ്ങൾ പഴാക്കി എന്ന് പറയുന്നില്ല. ഒരോ വേർഷനും, പുതിയതെന്തെങ്കിലും സമ്മാനിച്ചുകൊണ്ട്‌തന്നെയാണ് കടന്ന് പോയത്.
പക്ഷെ, നെറ്റുപയോഗിക്കുമ്പോൾ, എത്ര പ്രോട്ടക്ഷനുണ്ടെങ്കിലും വൈറസുകൾ അനുവാദം ചോദിക്കാതെ അകത്ത് വരുന്നത് തടയുവാനുള്ള അനേഷണത്തിലും, പുതുമയെ ഇഷ്ടപ്പെടുന്നത്‌കൊണ്ടും, ലിനക്സിനെക്കുറുച്ചുള്ള പഴയ സങ്കൽപ്പങ്ങൾക്ക് മാറ്റം വന്നുവോ എന്ന അന്വേഷണത്തിൽ, ഞാൻ പുതിയ ഒരാളെ കണ്ടെത്തി. അവനാണ് ഉബുണ്ടു.
ഇൻസ്റ്റാൾ ചെയ്യാനെളുപ്പം, വിൻഡോയുടെകൂടെതന്നെ ഡുവൽ ബൂട്ട് സെറ്റ് ചെയ്യാം. വിൻഡോയെപോലെ, ഗ്രഫിക്ക് യൂസർ ഇന്റർഫൈസ്. സംഗതി കൊള്ളാമല്ലോ എന്ന ചിന്തക്ക് തീ പിടിച്ചപ്പോൾ, ഇവനെ ഞാൻ സ്വന്തമാക്കി.
വൈറസുകളെ പ്രോട്ടക്റ്റ് ചെയ്യുവാൻ നല്ല കഴിവുള്ളവയാണ് ലിനക്സ്. അത്‌കൊണ്ട് തന്നെ, മനസമാധാനത്തോടെ ഉറങ്ങാം എന്ന് പ്രതീക്ഷിക്കുന്നു. കൈയിലുള്ള, കോൺഫ്ലിക്കർ, ILU, തുടങ്ങി ചുള്ളൻ വൈറസുകളെ ഞാൻ ഇതിൽ പരീക്ഷിച്ചു. എന്റെ സമയദോഷമോ, ലിനക്സിന്റെ നല്ല കാലമോ, എന്താണെന്നറിയില്ല, ചുള്ളന്മാർ മുട്ട്‌മടക്കി.
വിൻഡോ ഉപയോഗിക്കുന്ന സാധരണക്കാർക്ക് പോലും വളരെ സുഗമമായി ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാം. പ്രവർത്തിപ്പിക്കാം.
എറ്റവും വലിയ ഗുണം, ഇത് സൗജന്യമാണെന്നതാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ലക്ഷകണക്കിന് ലിനക്സ് ആരാധകർ, തികച്ചും സൗജന്യമായി ഉബുണ്ടു നിർമ്മിക്കുന്നു എന്നത്, അത്ഭുതമുള്ളവാക്കുന്നു. ലഭേഛയില്ലാതെ, സഹജീവികളെ സാഹായിക്കുക എന്ന മഹത്തായ ദൗത്യത്തിൽ പങ്കാളികളാകുവാൻ, നിങ്ങളെയും വിനയപൂർവ്വം ക്ഷണിക്കുന്നു.
നിങ്ങളുടെ കൈയിൽ ഒരു പഴയ കമ്പ്യൂട്ടറുണ്ടോ?.
പൊടിപിടിച്ച് മൂലയിലിരിക്കുന്ന അവൻ മതി ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ.1 Ghz പ്രോസസർ, 256 MB മെമ്മറി, 40 GB ഹാർഡ് ഡിസ്ക്, എന്നിവ മാത്രം മതി, ഉബുണ്ടു പ്രവർത്തികുവാൻ.
ഒരു പുതിയ ഒപ്പറേറ്റിങ്ങ് സിസ്റ്റം പഠിക്കുവാൻ, വരൂ.
അഭിമാനത്തോടെ നമ്മുക്ക് പറയാം, എനിക്കും ലിനക്സ് അറിയാമെന്ന്.
-----------
എങ്ങനെ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാമെന്നും, എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും വരും നാളുകളിൽ നമുക്ക് പഠിക്കാം.
ആദ്യം തന്നെ ഒരപേക്ഷയുണ്ട്. ഞാൻ ഉബുണ്ടുവിൽ കാലെടുത്ത് വെക്കുന്നവനാണ്. തെറ്റുകളുണ്ടെങ്കിൽ, ലിനക്സ് പുലികൾ തിരുത്തണം.
.